ലോലൻ
___________
സൈപ്രസ് മരങ്ങൾ തിങ്ങി നിൽക്കുന്ന വിജനമായ പാർക്കിലെ , കിലുങ്ങുന്ന വിളക്കു മരങ്ങൾക്കു താഴെ, മരത്തടികൾ കൊണ്ട് പണിത പഴക്കം ചെന്ന ബെഞ്ചിൽ ലോലൻ ഇരുന്നു. മഞ്ഞു തലോടിയ നനവ് ഉണങ്ങിയിരുന്നില്ല . കങ്കാരു തന്റെ കുഞ്ഞിനെ എന്ന പോലെ, നെഞ്ചോടു ചേർത്ത് പിടിച്ച സഞ്ചിയിൽ നിന്നും അവൻ ഒരു ചുവന്ന ടർക്കി എടുത്തു ഈർപ്പം തുടച്ചു. സഞ്ചിയുടെ ഉള്ളിൽ നിന്നും കോളയും ബ്ലാക്ക് റംമും ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് ക്ഷണിക്കുന്ന സാവകാശത്തോടെ അവൻ പുറത്തേക്കെടുത്തു .
" ഗ്ലാസ്സിതെവിടെ പോയി" . ഗ്ലാസ്സെടുക്കാൻ മറന്ന കാര്യം അപ്പോഴാണ് അവന്റെ ഓർമയിൽ വന്നത്. അവൻ കുപ്പികൾ രണ്ടും തുറന്നു ഒരുമിച്ചു വായിലേക്ക് ഒഴിച്ചു.
ലണ്ടൻ ബോറോ ഓഫ് ടവർ ഹാംലെറ്റിലെ മൈൽ എൻഡിലാണ്
ലോലൻ താമസിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ മൈലണ്ട് പാർക്കിൽ അവൻ വിശ്രമിക്കാൻ എത്താറുണ്ട്. അടുത്തിടെ ദിവസത്തിന്റെ കൂടുതൽ സമയവും അവൻ ചിലവഴിക്കുന്നത് പാർക്കിൽ ആണ്.ഏകദേശം 32 ഹെക്ടറോളം വരുന്ന ഒരു ലീനിയർ പാർക്കാണ് അത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഉണ്ടായ ബോംബാക്രമണത്തിൽ തകർന്ന വ്യാവസായിക ഭൂമിയിലാണ് അത് സൃഷ്ടിക്കപ്പെട്ടത്.
കുറച്ചു ദിവസങ്ങൾ ആയി അവൻ അസ്വസ്ഥനാണ്. ബാരിസ്റ്റർ കയ്യൊഴിഞ്ഞു. എന്തെങ്കിലും വഴി നോക്കിയില്ലേൽ ലണ്ടൻ എന്നന്നേക്കുമായി മറക്കേണ്ടി വരും. അതൊരിക്കലും അവനെ കൊണ്ട് കഴിയുമായിരുന്നില്ല . അവനിലെ ലോലനെ ആദ്യമായി തിരിച്ചറിഞ്ഞതിനും , പ്രണയിക്കാൻ പഠിച്ചതിനും, മൂര്ധന്യതയിൽ എത്തിയത്തിനുമെല്ലാം ലണ്ടൻ നഗരം സാക്ഷിയാണ് . ഇനി ഒരു മടങ്ങി പോക്കിന് അവനു താല്പര്യം ഉണ്ടായിരുന്നില്ല .
ലോലന്റെ മനസ്സിൽ പിങ്ക് പൂവിനോടും ഓറഞ്ച് പൂവിനോടും പ്രണയം തോന്നിയ കാലം മുതൽക്കു തുടങ്ങിയതാണ് ബ്രിട്ടനോടുള്ള ഭ്രമം.
നക്ഷത്രങ്ങൾ ഒന്നുമില്ലാതെ ചിതറി ശൂന്യമായി കിടക്കുന്ന ആകാശവും , തണുത്ത കാറ്റ് വീശുമ്പോൾ ഇളകുന്ന വിളക്ക് മരങ്ങളുടെ കിലുക്കവുമൊഴിച്ചാൽ എങ്ങും നിശബ്ദമായിരുന്നു .
കുറച്ചു നേരം കൂടി അങ്ങനെ ഇരിക്കണം എന്നുണ്ട് . ചൂടിയിരിക്കുന്ന ജാക്കറ്റിനെയും തുളച്ചു തണുപ്പ് അകത്തു കടന്നു. ലോലൻ സ്ഥിരമായി അവിടെ വരാറുണ്ട്. സൈപ്രസ് മരങ്ങളുടെ ഇടയിൽ പൊട്ടിയ മരത്തടിയിൽ അരണ്ട വിളക്ക് കാലുകൾക്കു കീഴെ ശൂന്യതയിൽ മേരിയെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി സുഖം കണ്ടെത്തുന്നത് അവനു ഒരു ലഹരിയായിരുന്നു .
പക്ഷെ അവൻ ചിന്തിച്ചത് മുഴുവൻ ലൂസിയെ കുറിച്ചായിരുന്നു . എത്ര പെട്ടെന്നാണ് മനസ്സ് ഒരിക്കലും കണ്ടട്ടില്ലാത്ത ലൂസിയിലേക്കു പറന്നത് . മനസ്സിന്റെ കാര്യം ചിലപ്പോഴൊക്കെ അങ്ങനെയാണ് . ഒരിക്കലും മറക്കാൻ കഴിയാത്ത പലതും ഉണ്ടെന്നു വെറുതെയങ്ങനെ നമ്മൾ ചിന്തിച്ചു കൂട്ടും . എന്നാൽ കാലം നമ്മളെ കൊണ്ട് എല്ലാം മറപ്പിക്കും. ഒരു മുറിവും ഉണങ്ങാതെ ഇരിക്കുകയില്ല. അങ്ങനെ ഒരു മുറിവ് ഉണങ്ങാതെ ഇരിക്കുന്നുണ്ടെങ്കിൽ അവിടെ ഒരു ഉരുൾപൊട്ടൽ പ്രതീക്ഷിക്കാം. .
തരക്കേടില്ലാത്തൊരു കുട്ടിയാണെന്നാണ് അമ്മ പറഞ്ഞത് . വീഡിയോയിൽ ലൂസിയെ കണ്ടപ്പോൾ തനിക്കും ഇഷ്ടപ്പെട്ടിരുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന ഒരു ഭയം അവനിൽ ചേക്കേറിയിരുന്നു. ചിന്തകൾക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് ലോലൻ ഉറപ്പിച്ചു.ലൂസി ഇംഗ്ലണ്ടിലേക്കു യാത്ര തിരിതിരിച്ചു കഴിഞ്ഞിരുന്നു .
അവസാനത്തെ തുള്ളിയും വലിച്ചു കുടിച്ചു ലോലൻ കുപ്പികൾ സമീപത്തുണ്ടായിരുന്ന ബിന്നിലേക്ക് വലിച്ചെറിഞ്ഞു. കുറേ ശരികളുടെയും തെറ്റിന്റെയും ഇടയിൽ പിടഞ്ഞു ലോലൻ വല്ലാതെ അസ്വസ്ഥനായികൊണ്ടിരുന്നു .
ഒച്ചിനെ പോലെ സമയം ഇഴഞ്ഞു നീങ്ങി. പുലർച്ചെ നാലര മുതൽ ഹീത്രു എയർപോർട്ടിന് പുറത്തു, അറൈവൽ ഏരിയയിലെ മരവിക്കുന്ന തണുപ്പിൽ ലൂസിയെ കാത്തിരിക്കുവാണ് ലോലൻ . കയ്യിൽ മഞ്ഞയും നീലയും നിറത്തിലുള്ള രണ്ടു ജാക്കറ്റുകൾ അവൻ കരുതിയിരുന്നു. 'അമ്മ അയച്ചു തന്ന ഫോട്ടോസ് പലയാവർത്തി കണ്ടു. യാത്രക്കാരിൽ ആരിലും ലൂസിയുടെ മുഖച്ഛായ കണ്ടില്ല. വിശന്നു വയറ്റിൽ ഗ്യാസു കയറി തുടങ്ങി. എയർപോർട്ടിലെ കടകളിലെല്ലാം മുടിഞ്ഞ വിലനിരക്കുകൾ. ജീവനുള്ള കുറെ സാൻഡ്വിച്ചുകളും, പച്ചിലകളും നിരന്നിരിക്കുന്നു . അവയൊക്കെ വലിച്ചു വാരി തിന്നിട്ടു വയറുകേടാക്കി കാഴ്ചയുടെ ഭംഗിക്ക് നീളം കുറക്കുവാൻ അവൻ ആഗ്രഹിച്ചില്ല.
പിങ്ക് നിറത്തിലുള്ള ഷോർട്സും കറുത്ത പൈജാമയും ധരിച്ച മെലിഞ്ഞുണങ്ങിയ പെൺകുട്ടി തന്റെ അരികിലേക്ക് നടന്നു വരുന്നത് ഭാവ വ്യത്യാസമില്ലാതെ ശ്രദ്ധിക്കാൻ ലോലൻ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു . ഒരു ജന്മത്തിന്റെ മുഴുവൻ പരിചയ ഭാവത്തിൽ അവൾ അവനോടു ചേർന്ന് നിന്നു.
'ചേട്ടാ എനിക്ക് നന്നായിട്ടു വിശക്കുന്നു. ഫ്ലൈറ്റിലെ ഫുഡ് എനിക്ക് ഇഷ്ടപ്പെട്ടില്ല. നമുക്ക് വല്ലതും കഴിക്കാം' . അവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു . ലോലൻ വളരെ കുറച്ചു മാത്രം സംസാരിച്ചു .
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന് പറയുന്നപോലെ ലോലൻ അവളുടെ കുറ്റങ്ങൾ ആവനാഴിയിലേക്ക് നിറച്ചു കൊണ്ടിരുന്നു.
ലണ്ടൻ നഗരത്തിലെ ചിലവിനെ കുറിച്ച് അവൾക്കു ഒരു ധാരണയും ഇല്ല എന്ന് പ്രവർത്തികളിലുടനീളം അവൾ തെളിയിച്ചുകൊണ്ടിരുന്നു .
'ചേട്ടാ നമുക്ക് ടാക്സി വിളിച്ചാലോ...'ഒരു നൂറു ചേട്ടാ വിളിയിലൂടെ ടാക്സി കാര്യം അവൾ ആവർത്തിച്ച് കൊണ്ടിരുന്നു.
ബാരിസ്റ്റർ തിന്ന കീശയിൽ ടാക്സിക്കുള്ള ക്യാഷ് ഉണ്ടോയെന്ന സംശയമായിരുന്നു അപ്പോഴവന്റെ മനസ്സിൽ . എഴുപതു പൗണ്ട് അവൾ നാട്ടിലെ എഴുപതു രൂപ പോലെ നിസാരമായി കണ്ടത് അവനെ വല്ലാതെ അമ്പരിപ്പിച്ചു .
'തനിക്കെന്നെ പേര് വിളിക്കാമോ'. കൂടെക്കൂടെയുള്ള ചേട്ടാ വിളി അവനു വളരെയധികം അരോചകമായി തുടങ്ങിയിരുന്നു
അകലെയുള്ള സുഹൃത്തിന്റെ വീട്ടിൽ അവൾക്കായി ഒരു മുറി അവൻ തരപ്പെടുത്തി. അവന്റെ ഫ്ലാറ്റിൽ മൂട്ട ശല്യം കാരണം ഉടൻ തന്നെ അവിടെ നിന്നും ഒഴിയാൻ പോകുവാണെന്നു അവളോട് അവൻ നുണ പറഞ്ഞത് .
എന്തുകേട്ടാലും വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് ലൂസിയെന്ന് ലോലൻ അളന്നു കഴിഞ്ഞിരുന്നു. മേരി കുറേക്കൂടി പക്വതയോടെ ചിന്തിക്കുന്നവൾ ആയിരുന്നു. ലോലൻ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തിലൂന്നി ആണ് അവനൊപ്പം ജീവിച്ചു തുടങ്ങിയത് . പക്ഷെ ലോലൻ ലോ-ഷു സ്‌ക്വയറിലെ പ്രാക്ടിക്കൽ പ്ലെയിനിലുള്ള ആളാണ് എന്ന് മേരിക്ക് തിരിച്ചറിയാൻ ലൂസിയുടെ വിവാഹം വരെ കാത്തിരിക്കേണ്ടി വന്നു. ലോലൻ ഈ കാലയളവുകളിൽ ലൂസിയെയും മേരിയെയും ഒരുപോലെ സ്നേഹിച്ചു കഴിഞ്ഞു . ലോലന്റെ കാഴ്ചപ്പാടിൽ അവൻ ശരിയായിരുന്നു. പുരുഷൻ ബീജങ്ങളുടെ കലവറയാണെന്നും അവനൊരിക്കലും മോണോഗാമസ് ആകാൻ കഴിയില്ലെന്നും, മൂന്നാമിടമുള്ള ഒരു സിംഹകുട്ടി അവനിൽ ഒളിഞ്ഞിരിക്കുന്നെന്നുമുള്ള തുറന്ന ചിന്താഗതിയിൽ ലോലൻ വിശ്വസിച്ചിരുന്നു.
കുറേ സംവാദങ്ങൾക്കും തിരുത്തലുകൾക്കും ശേഷം മേരി ലോലനിൽ നിന്നും എന്നന്നേക്കുമായി അകന്നു. ലോലൻ അവളെ പിന്തുടർന്നുകൊണ്ടിരുന്നു. മേരിയുടെ ഉറച്ച നിലപാടുകൾ ലോലനെ മാനസികമായി തളർത്തി.
ലൂസിയുമായുള്ള വിവാഹം നടന്നത് കൊണ്ട് ലോലന്റെ വിസ പ്രശ്നങ്ങൾക്ക് അവസാനം ഉണ്ടായി . ലോലൻ ലൂസിയിൽ നിന്നും ഒരുപാടു ദൂരെ ആയിരുന്നു. ത്യാഗവും സഹനവും ഒന്നുമല്ല ഒരു പുരുഷന്റെ നിഘണ്ടുവിലെ പ്രണയത്തിന്റെ വിശകലനം എന്ന് ലോലൻ വിശ്വസിച്ചു.
ചില പ്രണയങ്ങൾ നഷ്ടപ്പെടലിൽ ആണ് തിരിച്ചറിവ് നൽകുന്നത്. എത്രത്തോളം ആഴത്തിൽ സ്നേഹിച്ചിരുന്നുവെന്ന്. മേരിയോടുള്ള പ്രണയവും നഷ്ട്ടബോധവും ലൂസിയോടുള്ള വെറുപ്പു കൂട്ടുവാൻ കാരണമായികൊണ്ടിരുന്നു .
അവൾക്കു ലോലൻ ഒരു നാർസിസ്റ്റിന്റെ കണ്ണാടി വെച്ച് കൊടുത്തു. ലോലന്റെ പകയേയും വിദ്വേഷത്തെയും അവൾ പ്രണയമെന്നു ആശ്വസിച്ചു. പ്രകൃതി അവളിൽ നിറങ്ങൾ നിറച്ചു. ലോലന്റെ കുട്ടികളുടെ അമ്മയായി ലൂസിയും അച്ഛനായി ലോലനും ജീവിച്ചു.
പകലിനും രാത്രിക്കും ഇടയിൽ ലോലൻ പരിഭവങ്ങളുടെ ഒരു ശവ പറമ്പു തീർത്തുകൊണ്ടിരുന്നു . ജോലി കഴിഞ്ഞു സുഹൃത്തുക്കൾ തിരക്കിട്ടു വീട്ടിലേക്കു ഓടുമ്പോൾ താനൊരു ഫാമിലി മാൻ അല്ല എന്ന് അവരോടൊക്കെ വീമ്പ് പറഞ്ഞു അയാൾ പബ്ബിലേക്കു നടന്നു. പബ്ബ് അടച്ചു കഴിഞ്ഞാൽ നേരെ പാർക്കിലേക്കും അവിടെ സൈപ്രസ് മരങ്ങളുടെ ഇടയിൽ പൊട്ടിയ മരത്തടിയിൽ അരണ്ട വിളക്ക് കാലുകൾക്കു കീഴെ ശൂന്യതയിൽ ലൂസിയെ മറന്ന് മേരിയെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി സുഖം കണ്ടെത്തുന്നത് അവനു ഒരു ലഹരിയായിരുന്നു .
കൊള്ളാം, കുഴപ്പമില്ലാത്ത വായനാ രസം, ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeletehttps://skpkadhakal.blogspot.com/
Baki koodu pretheekshikunnu
ReplyDelete