കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ആണ് ഞാൻ അയാളെ പരിചയപ്പെടുന്നത് . യാത്ര അവസാനിക്കുന്നിടത്തു ഞങ്ങൾ കൂട്ടുകാരായി തീർന്നു. സൈക്കോളജിസ്‌റ്റായ എനിക്ക് ബിനുവിനെ കുറിച്ച് ആദ്യത്തെ കാഴ്ചപ്പാടിൽ തോന്നിയ പൊരുത്തക്കേടാണ് സൗഹൃദത്തിൽ എത്തിച്ചത്. കോവിഡ് കാലത്തെ യാത്ര ആയതിനാൽ കമ്പിയിൽ തൂങ്ങിനിന്നു യാത്ര ചെയ്യാൻ അനുമതി ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോൾ സീറ്റ് ഒക്കെയും നിറഞ്ഞിരുന്നു. മുൻവാതിലിനു പിറകിൽ ഉള്ള സീറ്റിൽ ഒരാൾ മാത്രമായിരിക്കുന്നു . അയാൾ എന്നെ തിരിഞ്ഞു നോക്കി ഒരറ്റത്തേക്കു ഒഴിഞ്ഞിരുന്നു . അയാളുടെ നോട്ടം എനിക്ക് ഇഷ്ടമായില്ല. കണ്ടക്ടർ പലവട്ടം നിർബന്ധിച്ചത് കൊണ്ട് അയാളുടെ അടുത്ത് എനിക്ക് ഇരിക്കേണ്ടി വന്നു. എത്രത്തോളം അകലം പാലിച്ചു ഇരിക്കാൻ ആകുന്നുവോ അത്രത്തോളം ഞാൻ അയാളിൽ നിന്ന് അകന്നു ഇരുന്നു.
എന്റെ ശ്രദ്ധ മുഴുവൻ അയാൾ അറിയാതെ അയാളിൽ ആയിരുന്നു. അയാൾ ഞാൻ ഒന്ന് മുഖം കൊടുത്താൽ ഒരു നൂറു ചോദ്യങ്ങൾ ചോദിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു. സ്വന്തമായി ഒരു പൊതിച്ചോറ് ഇല്ലാത്ത ഒരു വ്യക്തിയുടെ മനസിന്റെ അപക്വത അയാളിൽ ഞാൻ കണ്ടു. ഞാൻ ഉറപ്പിച്ചു ഇയാൾ വിവാഹിതൻ അല്ല.
ഞങ്ങൾ യാത്ര തുടങ്ങിയിട്ടു മണിക്കൂറുകൾ കഴിഞ്ഞു. അയാളുടെ മാന്യമായ ഇരുത്തം ഞാൻ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. അയാൾ അപ്പോഴും എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ പതിയെ അയാളുടെ വശതുളള ജനാലയിലൂടെ പുറത്തെ കാഴചയിലേക്കു നോക്കി.
കുട്ടി ഏതു കോളേജിൽ ആണ് പഠിക്കുന്നതു അയാൾ ഞാൻ ശ്രദ്ധിക്കാഞ്ഞട്ടു കൂടി കിട്ടിയ അവസരം മുതലെടുത്തു.
ഞാൻ പഠിക്കുവല്ല ജോലി ചെയ്യുവാണ് .
എവിടെ ആണ് ജോലി ചെയ്യുന്നത് , അയാൾക്ക് സംശയം ഇരട്ടിച്ചു .
ഞാൻ ദുബായ് ആണ് വർക്ക് ചെയ്യുന്നത്.
മാരീഡ് ആണോ ? അയാളുടെ സ്ട്രെയ്റ്റ് ഫോർവേഡ് ആയുള്ള ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു .
അതെ മാരീഡ് ആണ്. ഒരു കുട്ടിയും ഉണ്ട് .
അയാൾ പെട്ടെന്ന് താടിക്കു കൈവെച്ചു .
വിശ്വസിക്കാൻ പറ്റുന്നില്ലേ ..എടോ തന്നെ കണ്ടാൽ അങ്ങനെ പറയില്ലെടോ.
ഞാൻ ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആണ് . സിംഗിൾ ആണ് . അയാൾ സ്വയം പരിചയപ്പെടുത്തി.
എന്റെ ബ്രദറിന്റെ കല്യാണം ആണ് ഈ ഞായറാഴ്ച , ചെറിയ ഒരു ഷോപ്പിംഗിനു ഇറങ്ങിയതാണ് .
അപരിചിതനായ അയാളോട് സംസാരിക്കില്ല എന്ന് തീരുമാനിച്ചിട്ട് എനിക്ക് എങ്ങനെ മനസ്സ് തുറക്കാൻ കഴിഞ്ഞു എന്ന് അറിയില്ല.
മാന്യമായ പെരുമാറ്റം എവിടെയൊക്കയാ ഞാൻ തേടിയ സ്വഭാവം. ഒരു തനി നാട്ടിൻപുറത്തുകാരൻ. പിരിയാൻ നേരം മൊബൈൽ നമ്പർ കൈമാറാൻ മനസ്സിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അര മണിക്കൂർ യാത്രയിലെ പരിചയം അര നൂറ്റാണ്ടു കൂടെയുള്ള ആളുടെ പരിചയമാണ് തന്നത്.
ഷോപ്പിംഗ് കഴിഞ്ഞു തിരക്കുപിടിച്ചു ഇറങ്ങുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടപ്പോൾ ദേഷ്യം ആണ് വന്നത് . ചൂട് സഹിക്കാൻ പറ്റാതെ നിക്കുമ്പോഴാണ് അത് മാത്രമല്ല രണ്ടും കയ്യിൽ നിറയെ ഷോപ്പിംഗ് ബാഗുകളാണ് . ആകെ വിയർത്തു കുളിച്ചു. അനിയനോടു കാറെടുത്തു ഒന്ന് കൂടെ വരാൻ പറഞ്ഞതാ അപ്പോഴാണ് അവരുടെ സേവ് ദി ഡേറ്റ് ഷൂട്ടിങ്ങിനു പോകണമെന്ന് അവൻ പറഞ്ഞതു. എന്റെ ഷോപ്പിംഗിനു അതിക സമയം എടുക്കില്ല എന്ന് പറഞ്ഞതാണ് . എന്ത് ചെയ്യാൻ.. അവനു വിശ്വാസം ഇല്ല . ബാഗിൽ നിന്നും തിക്കി തിരക്കി ഫോൺ എടുത്തപ്പോൾ ബിനു ആണ് വിളിക്കുന്നത്. എടുക്കണോ വേണ്ടയോ എന്ന് ആദ്യം സംശയം തോന്നി, എടുത്തു .
ഹലോ മാഡം...ഷോപ്പിംഗ് കഴിഞ്ഞോ ?
ഉവ്വല്ലോ ..കഴിഞ്ഞു . എങ്ങനെ മനസ്സിലായി കഴിഞ്ഞെന്നു .
മനസ്സിലായി ...താൻ ഒരുപാട് സമയം എടുത്തു ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് തോന്നി. എത്ര ഭംഗിയായി അയാൾ എന്നെ മനസ്സിലാക്കിയിരിക്കുന്നു. പൊള്ളുന്ന വേനൽ ചൂടിൽ ഇഷ്ടപ്പെടട്ടൊരു വാനില ഐസ്ക്രീം നുണഞ്ഞ സുഖം ഉണ്ടായിരുന്നു ആ മറുപടിക്ക്.
ഞാൻ മറുപടി പറഞ്ഞില്ല. അയാൾ ഒന്നും പ്രതീക്ഷിച്ചില്ല എന്ന് തോന്നി.
"എനിക്ക് കുറച്ചു കൂടി പണി ഉണ്ട് . വീട്ടിൽ എത്തിയാൽ ഉടൻ മെസ്സേജ് ഇടണേ. "
അയാൾ ഫോൺ കട്ട് ചെയ്തപ്പോൾ ആണ് അയാൾ എന്തിനാണ് അവിടെ വന്നത് എന്ന് ചോദിക്കാൻ മറന്നുപോയ കാര്യം ആലോചിക്കുന്നത് . അയാൾ പറഞ്ഞപോലെ വീടെത്തിയട്ടു വിളിക്കണം അപ്പോൾ എല്ലാം വിശദമായി ചോദിക്കാം .
ഞാൻ അറിയാതെ അയാൾ എന്നിൽ പടർന്നു പന്തലിച്ചു കൊണ്ടിരുന്നു. കൃത്യം മൂന്നു മാസം ഞാൻ നാട്ടിൽ ഉണ്ടായിരുന്നുള്ളു. ദുബായിൽ എത്തി ഭർത്താവിനോട് പറയാൻ ആദ്യം ഉണ്ടായിരുന്നത് ബിനുവായിട്ടുള്ള ഫ്രണ്ട്ഷിപ് ആയിരുന്നു.
ഒരുദിവസം പുള്ളിക്കാരൻ ആണ് ബിനു എന്തുകൊണ്ടാണ് വിവാഹം കഴികാത്തത് എന്ന സംശയം എന്നിൽ കൊണ്ടുവന്നത് . ഞങ്ങളുടെ സൗഹൃദത്തിനിടയിൽ വിവാഹം, പ്രണയം തുടങ്ങിയ പൈ ങ്കിളി കാര്യങ്ങൾ ഇതുവരെ കടന്നു വന്നട്ടില്ലായിരുന്നു. ഞങ്ങൾ പഴയകാല സിനിമാ ഗാനങ്ങൾ ആലപിച്ചും അന്താക്ഷരി കളിച്ചും കുട്ടികളായി ജീവിക്കുമ്പോഴാണ് അത്തരം ഒരു സംശയം എന്റെ മനസ്സിൽ ഒരു കരടായി എന്റെ ഭര്ത്താവ് കോരി ഇട്ടതു .
ബിനു എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട് ഞാൻ മടിച്ചു മടിച്ചു അവതരിപ്പിച്ചു
ഒരു കാര്യമേ ചോദിക്കാവൂ അയാൾ ചിരിച്ചു. ഞാനും ചിരിച്ചു
ബിനു എന്താണ് കല്യാണം കഴിക്കാത്തത് .
പെട്ടെന്ന് അയാൾ ഫോൺ കട്ട് ചെയ്തു. എനിക്ക് ഒരുപാട് വിഷമം ആയി. അയാളുടെ പേർസണൽ സ്പേസിലേക്കു ഞാൻ ഇറങ്ങി ചെന്നത് വളരെ മോശമായിപ്പോയി. എന്റെ ഭർത്താവിന്റെ സ്വഭാവം ഇത് സ്ഥിരം ഉള്ളതാണെങ്കിലും എനിക്ക് ബിനുവിനോടുള്ള സ്വാതന്ത്ര്യം ബിനുവിന്റെ ഹൃദയത്തിലും തന്നിട്ടുണ്ട് എന്ന് ഞാൻ കരുതിയത് ഒരു തെറ്റിദ്ധാരണ ആയിരുന്നു എന്ന് ബോദ്ധ്യമായി. ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എനിക്ക് എന്റെ ഭർത്താവിനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. എന്റെ എല്ലാ സൗഹൃദങ്ങളും അയാൾ ബുദ്ധികൊണ്ട് അറുത്തു കളഞ്ഞിരുന്നു. തനിക്കു അയാൾ ഒരു ഡയറി ആയിരുന്നു എല്ലാ വിഷമങ്ങളും സന്തോഷങ്ങളും ഒരു മണ്ടിയെ പോലെ പങ്കുവെക്കുന്നിടം . പക്ഷെ അയാൾക്ക് ഞാൻ അയാളുടെ സൗന്ദര്യ സങ്കൽപ്പങ്ങളെയും സ്വാതന്ത്ര്യത്തെയും തച്ചുടച്ച ഒരാൾ. എന്നിട്ടും അയാൾ തന്നെ സ്വാർത്ഥമായി ചേർത്ത് പിടിച്ചു. വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു . ഫിലീപ്പിൻ സുന്ദരികളെ വാഴ്ത്തി എനിക്ക് എന്നോടുള്ള അപകർഷതാബോധം വളർത്തി . അയാളുടെ സുഹൃത്തുക്കളെ പരിചയപ്പെടാൻ , പൊതു വേദികളിൽ എത്തിപ്പെടാൻ ഞാൻ ഭയന്നിരുന്നു. എനിക്ക് സൗന്ദര്യം ഇല്ല. ബിനുവിലൂടെയാണ് ഞാൻ എന്റെ സൗന്ദര്യത്തെ തിരിച്ചറിയുന്നത്. എനിക്ക് അവൻ അത്രമേൽ പ്രിയപ്പെട്ടവൻ ആയത് ഒരുപക്ഷെ അതുകൊണ്ടുമാവാം.
ഒരുപക്ഷെ ബിനുവുമായിട്ടുള്ള എന്റെ സൗഹൃദം അയാളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ടാകാം.
ബിനു വിളിച്ചിട്ട് ഒരാഴ്ച തികഞ്ഞു. ഞാൻ മെസ്സേജുകൾ പലതവണ അയച്ചു. എല്ലാ മെസ്സേജുകളും സീൻ ആണ് എന്നിട്ടും മറുപടി ഇല്ല.
എനിക്ക് ബിനുവിന്റെ സൗഹൃദം വേണം. പാട്ടുകൾ പാടിക്കൊണ്ട് ദുഃഖങ്ങൾ മറക്കണം. ബിനു എന്നോട് ഒന്നും ചോദി ച്ചിരുന്നില്ല. തുടക്കത്തിലുള്ള പരിചയപ്പെടൽ മാറ്റി നിർത്തിയാൽ പിന്നെ ഞങ്ങൾ ഞങ്ങളെ പറ്റി പറഞ്ഞട്ടില്ല. പക്ഷെ ഞങ്ങൾ ഒരുമിച്ചു കേട്ട പല പാട്ടുകളിലും എന്റെ ദുഃഖങ്ങൾ ഉണ്ടായിരുന്നു ,സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, ജീവിതം ഉണ്ടായിരുന്നു.
To be continued


